മലയാള സിനിമാ താര സംഘടനയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണ്. തങ്ങൾക്ക് ഇത് അമ്മയാണെന്ന് നടൻ പറഞ്ഞു. സംഘടനയുടെ കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത്.. അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്’, എന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് കൊച്ചിയിൽ വെച്ചാണ് സംഘടനയുടെ കുടുംബസംഗമം നടന്നത്. രാവിലെ ഒമ്പത് മണിക്ക് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെയായിരുന്നു റിഹേഴ്സൽ ക്യാമ്പിന് തിരി തെളിഞ്ഞത്. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും ഒപ്പം മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്.
Add Comment