Kerala

നടൻ ബാലയ്ക്ക് ജാമ്യം: കൂടുതൽ പ്രതികരണത്തിനില്ലെന്ന് താരം

മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലയ്‌ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിക്കാരിയെ കുറിച്ചും മകളെ കുറിച്ചും പരാമർശങ്ങള്‍ നടത്തരുതെന്നും കോടതി നിർദേശിച്ചു.

2019 മുതല്‍ താനും മുൻ ഭാര്യയും തമ്മില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീർത്തിരുന്നുവെന്ന് ബാല കോടതിയില്‍ വാദിച്ചു. മകള്‍ പങ്കുവച്ച വീഡിയോയ്‌ക്ക് പ്രതികരണം മാത്രമാണ് താൻ പങ്കുവച്ചത്. എന്നാല്‍ പിന്നീട് അത്തരം വീഡിയോകള്‍ പങ്കുവച്ചില്ലെന്നും താരം പറഞ്ഞു. മുൻ ഭാര്യയുടെ രാഷ്‌ട്രീയ സാമ്ബത്തിക സ്വാധീനം കൊണ്ടാണ് തനിക്കെതിരെ ഇപ്പോള്‍ കേസെടുത്തതെന്നും ബാല കോടതിയില്‍ വാദിച്ചു. തനിക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇത് മാനിച്ച്‌ ജാമ്യം അനുവദിക്കണമെന്നും താരം കോടതിയെ അറിയിച്ചു.

ഇന്ന് രാവിലെയാണ് അമൃത സുരേഷിന്റെ പരാതിയില്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, പിന്തുടർന്ന് ശല്യം ചെയ്യുന്നു, അപകീർത്തിപ്പെടുത്തുന്നു തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേർത്താണ് നടനെതിരെ കേസെടുത്തത്. ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ബാലയ്‌ക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഉച്ചയോടെയാണ് നടനെ കോടതിയില്‍ ഹാജരാക്കിയത്.

അറസ്റ്റിലായതില്‍ വിഷമില്ലെന്നും എന്നാല്‍ മകള്‍ തനിക്കെതിരായതില്‍ വിഷമമുണ്ടെന്നും ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് ബാല പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാനില്ലെന്നും താരം വ്യക്തമാക്കി.

About the author

KeralaNews Reporter

Add Comment

Click here to post a comment