കേരള രാഷ്ട്രിയത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും നിലവാരമില്ലാത്തതുമായ ആരോപണമാണ് ട്രോളി ബാഗ് വിവാദമെന്ന് നടൻ ഹരീഷ് പേരടി.
ഇതിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹൂല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയായി വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നതില്‍ സംശയമില്ലെന്ന് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍-
”കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത,നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി…രാഹുല്‍ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്..ആശംസകള്‍.. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ല”.
പാലക്കാട് നഗരത്തിലെ കെ.പി.എം റീജൻസി ഹോട്ടലില്‍ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും തങ്ങിയ മുറിയിലായിരുന്നു റെയ്ഡ്. എന്നാല്‍, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിതരണം ചെയ്യാൻ നീല ട്രോളി ബാഗില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ പണം എത്തിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്സി.പി.എമ്മും ബി.ജെ.പിയും. തിരഞ്ഞെടുപ്പിനായി ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് വനിതാനേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ അർദ്ധരാത്രി പൊലീസ് പരിശോധന നടത്തിയതില്‍ കോണ്‍ഗ്രസ് വൻ പ്രതിഷേധം നടത്തി.
തോല്‍വി ഉറപ്പായപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേർന്ന് ആരോപണം ഉന്നയിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാനും വെല്ലുവിളിച്ചു. ഇന്നലെ വൈകിട്ട് സി.പി.എം ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെ.എസ്.യു നേതാവ് ഫെനി നൈനാനും സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്നും അതുമായി ഹോട്ടലില്‍ എത്തുന്നതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. വിവാദ ട്രോളി ബാഗ് മാദ്ധ്യമപ്രവർത്തകർക്ക് മുന്നില്‍ പ്രദർശിപ്പിച്ചു. സി.പി.എം പരാതിയില്‍ ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു.
Add Comment