India

അപകീർത്തി കേസിൽ നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം സംബന്ധിച്ച കേസില്‍ നടി കസ്തൂരിക്ക് തിരിച്ചടി. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി.

മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് ആനന്ദ് വെങ്കിടേഷാണ് വാദം കേട്ടത്.

തെലുങ്ക് സംസാരിക്കുന്നവർക്കെതിരേ അപകീർത്തി പരാമർശം നടത്തിയതില്‍ കേസെടുത്തതിനു പിന്നാലെ കസ്തൂരി ഒളിവില്‍ പോയിരുന്നു. ബ്രാഹ്മണ സമുദായത്തിനെതിരെ തുടർച്ചയായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളില്‍ അപലപിച്ച്‌ ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിന് നടത്തിയ പ്രതിഷേധ സംഗമത്തില്‍ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്.

തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. തുടര്‍ന്ന് കസ്തൂരി സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാൻ കസ്തൂരി വീട്ടില്‍ ഒരു പത്രസമ്മേളനം സംഘടിപ്പിക്കുകയും തന്‍റെ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരം മുൻകൂർ ജാമ്യാപേക്ഷ നല്കിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും തെലുങ്ക് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടും തനിക്കെതിരേ കേസെടുത്തതായും കസ്തൂരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.