Tech

‘സഹായി’യായി എഐ; യുവാവ് ഗുരുതര രോഗം കണ്ടുപിടിച്ചത് ഇങ്ങനെ

നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ടുകളുടെ വരവ് വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്. പലരുടെയും പ്രധാന ‘സഹായി’യായി എഐ മാറിക്കഴിഞ്ഞു. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടാനുള്ള സാധ്യതയും വളരെ വലുതാണ്. എഐയുമായുള്ള രസകരമായ ചാറ്റുകള്‍ പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി എഐ എങ്ങനെയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് പറയുകയാണ് ഒരു റെഡ്ഡിറ്റ് യൂസര്‍.

‘ചാറ്റ് ജിപിടി എന്റെ ജീവന്‍ രക്ഷിച്ചു’ എന്ന തലക്കെട്ടുമായാണ് യുവാവ് കുറിപ്പ് പങ്കുവെച്ചത്. ചാറ്റ് ജിപിടിയുടെ ഉത്തരം ഗുരുതരമായ രോഗം കണ്ടെത്താനാണ് യുവാവിനെ സഹായിച്ചത്. വര്‍ക്കൗട്ടിന് പിന്നാലെ അതിയായ ക്ഷീണം അനുഭവപ്പെട്ട യുവാവ് ഇതേകുറിച്ച് ചാറ്റ് ജിപിടിയോട് ചോദിക്കുകയായിരുന്നു.

ഏകദേശം ഒരാഴ്ച മുമ്പ് വര്‍ക്കൗട്ടിന് ശേഷം തനിക്ക് അസാധാരണമായ വിധത്തില്‍ ക്ഷീണം അനുഭവപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. ചെറിയ രീതിയിലുള്ള വ്യായാമങ്ങളാണ് ചെയ്തതെങ്കിലും ഒരു ബസ് വന്നിടിച്ച പോലെയാണ് അനുഭവപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞിട്ടും അവസ്ഥ മാറാതായതോടെ ഇതേ കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചു. ലക്ഷണങ്ങള്‍ പറഞ്ഞതോടെ ഉടന്‍ ആശുപത്രിയില്‍ പോകാനാണ് ചാറ്റ് ബോട്ട് നിര്‍ദേശിച്ചത്. Rhabdomyolysis എന്ന ഗുരുതരമായ വൃക്ക രോഗമായിരിക്കാം ഇതെന്നും ചാറ്റ് ജിപിടി മറുപടി നല്‍കി. യുവാവിനെ പരിശോധിച്ച ഡോക്ടര്‍ പിന്നീട് ഈ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

യുവാവിന്റെ പോസ്റ്റ് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. അസുഖങ്ങള്‍ക്ക് എഐയോട് ഉപദേശം ചോദിച്ചതിനെയും നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. സ്വാകാര്യ വിവരങ്ങള്‍ എഐ ചാറ്റ് ബോട്ടുകളുമായി പങ്കുവെക്കരുതെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.