Entertainment

അവസരങ്ങൾ ഇല്ലാതിരുന്ന കാലത്ത് അജിത്ത് സാര്‍ ഒരു സിനിമ നല്‍കി, അവിടെ നിന്ന് എല്ലാം മാറിമറിഞ്ഞു; യുവന്‍ ശങ്കര്‍ രാജ

സംഗീത ഇതിഹാസം ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ. പുതിയ കാലത്ത് മികച്ച നിരവധി ഗാനങ്ങൾ യുവൻ ഒരുക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിജയ് നായകനായ ഗോട്ടിന് വേണ്ടിയായിരുന്നു യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയത്. എന്നാൽ കരിയറിലെ മോശം സമയത്തെ ഓർത്തെടുക്കുകയാണ് യുവൻ ഇപ്പോൾ. അന്ന് തനിക്ക് താങ്ങായത് അജിത് കുമാറായിരുവെന്ന് യുവൻ ശങ്കർ രാജ പറഞ്ഞു.

‘ഹിറ്റ് സോങ്ങുകള്‍ ഒരുക്കിയ ശേഷവും എനിക്ക് അവസരങ്ങൾ കുറവായിരുന്നു. അന്ന് അജിത് കുമാർ എന്നെ കാണാന്‍ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ ‘ധീന’ എന്ന ചിത്രത്തിന് സംഗീതം നൽകാൻ എന്നോട് ആവശ്യപ്പെട്ടു. 2001ലായിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. ‘ഞാൻ നിങ്ങൾക്ക് ഒരു സിനിമ നൽകുന്നു, നിങ്ങൾ പരമാവധി ശ്രമിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ നിന്നാണ് എല്ലാം മാറിമറിഞ്ഞത്,” യുവൻ ശങ്കർ രാജ പറഞ്ഞു.

1999-ൽ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിലെ ട്രാക്കുകളെല്ലാം സൂപ്പർഹിറ്റായിട്ടും യുവന് 3-4 വർഷത്തേക്ക് സിനിമകളൊന്നും ലഭിച്ചിരുന്നില്ല. അപ്പോഴാണ് ‘ധീന’യും ‘തുള്ളുവതോ ഇളമൈ’യും എത്തുന്നതും ഒരിക്കൽക്കൂടി സ്വയം തെളിയിക്കാൻ യുവന് അവസരം ലഭിക്കുന്നതും. ധീനയിലെ പാട്ടുകളെല്ലാം തന്നെ അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.