പാട്ടുകളുടെ ഡെലിവറിയും, പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദും പുഷ്പയുടെ നിർമ്മാതാവ് രവി ശങ്കറും തമ്മിൽ തർക്കമുണ്ടെന്നും കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെന്നുമുള്ള അഭ്യൂഹങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പുഷ്പയുടെ ചെന്നൈയിൽ നടന്ന പ്രൊമോഷനിടെ രവിശങ്കറിന് പരസ്യമായി മറുപടി നൽകിയിരിക്കുകയാണ് ദേവിശ്രീ പ്രസാദ്.
സ്നേഹം ഉള്ളിടത്താണ് പരിഭവം ഉണ്ടാകുക എന്ന് പറഞ്ഞ ദേവിശ്രീ പ്രസാദ് നിർമാതാവിന് തന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ പരാതികളാണെന്ന് തുറന്നു പറഞ്ഞു. പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നൽകിയില്ലെന്ന് പറഞ്ഞ് തന്നെ കുറ്റപ്പെടുത്തുകയാണ് നിർമാതാവെന്നും ദേവിശ്രീ പ്രസാദ് കൂട്ടിച്ചേർത്തു.
‘ഞാൻ പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നൽകിയില്ലെന്ന് പറഞ്ഞ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. സ്നേഹമുള്ളിടത്ത് പരാതികളും ഉണ്ടാകും. പക്ഷേ, സ്നേഹത്തേക്കാൾ കൂടുതൽ പരാതികൾ നിങ്ങൾക്കുണ്ടെന്ന് ഞാൻ കരുതുന്നു.
ഇപ്പോൾ പോലും, ഞാൻ 20-25 മിനിറ്റ് മുമ്പ് വേദിയിൽ എത്തി. ക്യാമറയിലേക്ക് ഒരു എൻട്രി ചെയ്യാൻ കാത്തിരിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിൽ കുറച്ച് മടിയുണ്ട്. സ്റ്റേജിൽ ഇരിക്കുമ്പോൾ മാത്രമാണ് ഞാൻ ലജ്ജയില്ലാത്തവൻ. സ്റ്റേജിന് പുറത്ത്, നിങ്ങൾക്ക് കാണാൻ കഴിയുന്ന ഏറ്റവും നാണമുള്ള വ്യക്തി ഞാനാണ്.കിസ്സിക് എന്ന പുഷ്പയിലെ പാട്ട് കേൾക്കുന്നുണ്ടായിരുന്നു, ഞാൻ ഓടി വന്നു. ഞാൻ വന്നയുടൻ നിങ്ങൾ പറഞ്ഞു, ഞാൻ ലേറ്റ് ആയി, ടൈമിംഗ് ഇല്ലെന്ന്, സാർ ഇതിനൊക്കെ ഞാൻ എന്താണ് ചെയ്യണ്ടത്, ഇതൊരു ചർച്ച ചെയ്യേണ്ട വിഷയമാണെങ്കിൽ ഞാൻ തയ്യാറാണ്’ ഡിഎസ്പി പറഞ്ഞു.
അതേസമയം, പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് ഉടൻ പുഷ്പ ടീം എത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്.
Add Comment