Kerala

പന്തളം നഗരസഭാ ചെയര്‍പേഴ്‌സണിന്റെ രാജിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മട്ടന്‍ ബിരിയാണി കഴിച്ച് ആഘോഷിച്ചെന്ന് ആരോപണം

പത്തനംതിട്ട: പന്തളം നഗരസഭാ ചെയര്‍പേഴ്‌സണിന്റെ രാജിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മട്ടന്‍ ബിരിയാണി കഴിച്ച് ആഘോഷിച്ചെന്ന് ആരോപണം. നഗരസഭാ അധ്യക്ഷയുടെ രാജിക്ക് പിന്നാലെ 18 കൗണ്‍സിലര്‍മാരില്‍ 11 പേര്‍ ഒത്തുചേര്‍ന്ന് മട്ടന്‍ ബിരിയാണി വിളമ്പി ആഘോഷിച്ചെന്നാണ് ആരോപണം. പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയും കഴിഞ്ഞ ദിവസമായിരുന്നു പദവിയൊഴിഞ്ഞത്.

എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നതിന്റെ തൊട്ടുതലേദിവസമായിരുന്നു രാജി. വ്യക്തിപരമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു രാജിയെങ്കിലും നടപടിയില്‍ ബിജെപി പ്രതിരോധത്തിലായിരുന്നു. ഇതിനിടെയാണ് മട്ടന്‍ ബിരിയാണി ആഘോഷമെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ കൂരമ്പാലയിലെ ബിജെപി കൗണ്‍സിലറുടെ വീട്ടിലാണ് ഒത്തുകൂടിയത്. സംസ്ഥാനത്ത് പാലക്കാടിന് പുറമെ ബിജെപി ഭരിക്കുന്ന ഏകനഗരസഭയാണ് പന്തളം. അധ്യക്ഷയായി താല്‍ക്കാലിക ചുമതല ലഭിച്ച കൗണ്‍സിലറും ഒത്തുകൂടലില്‍ പങ്കെടുത്തിരുന്നു.

സ്വമേധയാ രാജിവെക്കുകയാണെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് നീക്കമെന്നുമായിരുന്നു രാജിക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഭരണസമിതിയിലെ പടലപിണക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് വിവരം.