ആരോഗ്യം, വിദ്യാഭ്യാസം, മീഡിയ തുടങ്ങി വിവിധ മേഖലകളില്‍ എഐ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. എഐയുടെ സഹായത്തോടെ നിങ്ങളുടെ മരണം പ്രവചിക്കുന്ന ഡെത്ത് ക്ലോക്കാണ് അക്കൂട്ടത്തിലൊന്ന്. ഒരാളുടെ ജീവിതശൈലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് മരണത്തീയതി പ്രവചിക്കുകയാണ് ഡെത്ത് ക്ലോക്ക് ചെയ്യുന്നത്.
നിങ്ങളുടെ പ്രായം, ജനനത്തീയതി, ബോഡി മാസ് ഇന്‍ഡക്‌സ്, ഡയറ്റ്, പുകവലി ശീലം,വ്യായാമരീതികള്‍, എവിടെയാണ് താമസിക്കുന്നത്, ലിംഗമേതാണ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് വിശദമായി പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഡെത്ത് ക്ലോക്ക് ആയുസ്സ് പ്രവചിക്കുന്നത്. നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി എപ്പോള്‍ മരണപ്പെടുമെന്ന് ലൈഫ് എക്‌സപെക്ടന്‍സി കാല്‍കുലേറ്റര്‍ എഐ കൃത്യമായി പ്രവചിക്കുമെന്നാണ് വെബ്‌സൈറ്റിന്റെ അവകാശവാദം. വ്യക്തി മരിക്കുന്ന പ്രായം കൃത്യമായി പ്രവചിക്കുന്ന ക്ലോക്ക് ഇനി ഭൂമിയില്‍ അയാള്‍ക്ക് അവശേഷിച്ചിരിക്കുന്ന വര്‍ഷങ്ങളും മണിക്കൂറും മിനിട്ടുകളും സെക്കന്റുകളും വരെ പ്രവചിക്കും.
വെബ്‌സൈറ്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം നല്‍കിക്കഴിഞ്ഞാല്‍ മരണത്തീയതി ആലേഖനം ചെയ്തിട്ടുള്ള ശവക്കലറയുടെ ചിത്രം വെബ്‌സൈറ്റില്‍ തെളിയും. സൗജന്യ വെബ്‌സൈറ്റായ ഡെത്ത് ക്ലോക്ക് ഇതുവരെ 63 ദശലക്ഷം ആളുകളുടെ മരണത്തീയതി പ്രവചിച്ചിട്ടുള്ളതായാണ് അവകാശപ്പെടുന്നത്.
മരണത്തീയതി പ്രവചിക്കുന്നതിനൊപ്പം ആയുസ്സ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഡെത്ത് ക്ലോക്ക് നല്‍കുന്നുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും മദ്യം ഉപേക്ഷിക്കാനും ദിവസം 30 മിനിട്ട് വ്യായാമം ചെയ്യാനുമെല്ലാം ഡെത്ത് ക്ലോക്ക് നിര്‍ദേശിക്കുന്നു.
- ഡെത്ത് ക്ലോക്ക് നിര്‍ദേശങ്ങള്‍
- ആരോഗ്യകരമായ ഭാരം കാത്തുസൂക്ഷിക്കുക
- നിത്യവുമുള്ള വ്യായാമം
- പുകവലി ഉപേക്ഷിക്കുക
- മികച്ച ഡയറ്റ്
- മദ്യ ഉപയോഗം കുറയ്ക്കുക
- നല്ല ഉറക്കം
- കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്തുക
- ഉത്കണ്ഠയെ കൈകാര്യം ചെയ്യുക
- ആരോഗ്യകരമായ സാമൂഹിക ഇടപെടല്‍
മുതലായവ ആയുസ്സ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഡെത്ത് ക്ലോക്ക് പറയുന്നത്. പ്രവചനം വെറും തമാശയാണെന്ന ഡിസ്‌ക്ലെയ്മറോടുകൂടിയാണ് ഡെത്ത് ക്ലോക്ക് മരണ തീയതി പ്രവചിക്കുന്നതെന്നുകൂടി ശ്രദ്ധിക്കണം.
Add Comment