Entertainment

ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടിൽ കങ്കുവയും

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ കങ്കുവയും ഇടം പിടിച്ചു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടത്. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായെത്തുന്നത്.

ബിഗ് ബജറ്റിൽ ഇറങ്ങിയ കങ്കുവയ്ക്ക് മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.

കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അമിതമായ ശബ്ദവും തിരക്കഥയിലെ ആവര്‍ത്തനവിരസതയും പാളിച്ചകളുമാണ് കങ്കുവയ്ക്ക് തിരിച്ചടിയായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 13 മിനിറ്റോളം രംഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.

അതേസമയം, 323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഓസ്കാറിന്‍റെ ആദ്യ പട്ടികയിലേക്ക്

ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ബ്ലെസി ചിത്രം ആടുജീവിതവും കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ഗേൾസ് വിൽ ബി ഗേൾസ് എന്ന ചിത്രവും ഇന്ത്യയില്‍ നിന്നും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക.