India

റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്രയും

അമരാവതി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും. റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. റമദാന്‍ മാസം ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മീണ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഇളവ് ലഭിക്കുക. അധ്യാപകര്‍, കരാര്‍, പുറം കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കും.

ഇന്നലെയാണ് തെലങ്കാനയില്‍ റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. റമദാന്‍ മാസത്തില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് മണിയോടെ ജോലി അവസാനിപ്പിച്ച് ഓഫീസില്‍ നിന്ന് ഇറങ്ങാം എന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തെലങ്കാനയിലും മാര്‍ച്ച് രണ്ട് മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരുന്നു ഇളവ് അനുവദിച്ചത്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍, അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമായിരിക്കും. ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.