ന്യൂ ഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യാജ ഭീഷണി ഉയർന്നിരിക്കുന്നത്.
കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ അധികൃതർക്കാണ് ഭീഷണി സംന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ അധികൃതർ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു.
കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇമെയിൽ വഴിയാണ് ബോബ് ഭീഷണി ലഭിച്ചത്. സ്‌കൂളിന്റെ പരിസരങ്ങളിൽ നിരവധി സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഈ ദൗത്യത്തിന് ഒരു ‘രഹസ്യ ഡാർക്ക് വെബ്’ ഗ്രൂപ്പ് ഉണ്ടെന്നും ഇമെയിലിൽ പറയുന്നു.
‘ സ്‌കൂളുകളിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ കുട്ടികളുടെ ബാഗുകൾ പരിശോധിക്കില്ലെന്ന് എനിക്കറിയാം. ബോംബുകൾ എല്ലാത്തിനെയും തകർത്തെറിയാൻ തക്കവണ്ണത്തിൽ അതിശക്തമാണ്. ഡിസംബർ 13,14 തീയതികളിൽ ചില സ്‌കൂളുകളിൽ ബോംബ് സ്ഫോടനമുണ്ടാകും. ചില സ്‌കൂളുകളിൽ അന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി മീറ്റിങ്ങുകൾ ഉള്ളതും എനിക്കറിയാം’; ഭീഷണി മെയിലിൽ പറയുന്നു.
ഭീഷണി ലഭിച്ചയുടൻ തന്നെ അഗ്നിശമനസേന, പൊലീസ്, ബോംബ് ഡിറ്റക്ഷൻ ടീം എന്നിവർ സ്‌കൂളുകളിലെത്തി. ഈമെയിലിന്റെ ഐപി അഡ്രസ് പരിശോധിച്ച് പ്രതിയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിസംബർ ഒമ്പതിന് വന്ന സമാനമായ വ്യാജ ബോംബ് ഭീഷണിയിൽ ബോംബുകൾ പൊട്ടാതിരിക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടിരുന്നു.
Add Comment