Kerala

ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് കാനത്തില്‍ ജമീല

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് കാനത്തില്‍ ജമീല എംഎല്‍എ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 പേരെയും കൊയിലാണ്ടി ആശുപത്രിയില്‍ അഞ്ച് പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരാളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആനകള്‍ ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പലര്‍ക്കും പരിക്കേറ്റതെന്നും എംഎല്‍എ പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി.

സംഭവത്തില്‍ വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അടിയന്ത റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടറും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും(സോഷ്യല്‍ ഫോറസ്ട്രി) ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് വൈകിട്ടോടെയായിരുന്നു ആനകള്‍ ഇടഞ്ഞത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരന്‍ എന്ന ആന ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കയില്‍ സ്വദേശി രാജന്‍ എന്നിവര്‍ മരിച്ചിരുന്നു.