Tech

ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ആപ്പിൾ ഐഫോണുകൾ

2024 സാമ്പത്തിക വ‍ർഷത്തിൻ്റെ മൂന്നാംപാദത്തിൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ആപ്പിൾ ഐഫോണുകൾ. ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് ഐഫോൺ 15 സീരീസുകളാണ്. രണ്ടാം സ്ഥാനത്തുള്ളത് ഐഫോൺ 15 പ്രോ മാക്സ് ആണ്. മൂന്നാമത്തെ സ്ഥാനത്തുള്ളത് ഐഫോൺ 15 പ്രോയാണ്. ഐഫോൺ 14 ഈ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്.

2018ന് ശേഷം ​ഗ്യാലക്സി എസ് സീരീസ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ​ഗ്യാലക്സി S24 ആണ് 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പട്ടികയിലെ ആദ്യപത്ത് സ്ഥാനത്തുള്ള സ്മാർട്ട്ഫോൺ മോഡലുകളാണ് ഇക്കാലയളവിൽ ആഗോള സ്മാർട്ട്ഫോൺ വിൽപ്പനയുടെ 19 ശതമാനവും പങ്കിടുന്നത്. Counterpoint Research’s Global Handset Model Sales Tracker ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയിലെ ആദ്യപത്തിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് സാംസങ് ഗ്യാലക്സിയുടെ മോഡലുകളാണ്. സാംസങ്ങ് ഗ്യാലക്സിയുടെ അഞ്ച് മോഡലുകളാണ് 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാംപാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളുടെ ആദ്യപത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സാംസങ്ങ് ഗ്യാലക്സിയുടെ എസ് സീരീസ് 2018ന് ശേഷം ആദ്യമായി ഈ പട്ടികയിൽ ഇടംപിടിച്ചു എന്നതും സൗത്ത്‌കൊറിയൻ ടെക്ഭീമന്മാർക്ക് നേട്ടമായി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തങ്ങളുടെ മോഡലുകളിൽ അവതരിപ്പിക്കുന്നതിൽ ആപ്പിളും സാംസങ്ങ് ഗ്യാലക്സിയും മികച്ച് നിൽക്കുന്നതിനാൽ ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ ഇവരുടെ മേൽക്കൈ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോൺ മോഡലുകളിൽ ആപ്പിൾ ഇൻ്റലിജൻസും സാംസങ്ങ് ഗ്യാലക്സിയിൽ ഗ്യാലക്സി എഐയുമാണ് എഐയുടെ നൂതന ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്യുന്നത്. പട്ടികയിൽ ഇടംപിടിച്ച മറ്റൊരു സ്മാർട്ട് ഫോൺ റെഡ്മി 13C 4Gയാണ്. ഒൻപതാമതാണ് റെഡ്മി 13C 4Gയുടെ സ്ഥാനം.