Tech

പുതിയ മാക്‌ബുക്കുമായി ആപ്പിൾ; മാക്‌ബുക്ക് എയർ M4 ജനുവരിയിൽ പുറത്തിറങ്ങും

ആപ്പിൾ തങ്ങളുടെ പുതിയ M4 ചിപ്സെറ്റുള്ള മാക്ബുക്ക് എയർ M4 അടുത്ത വർഷം ആദ്യമേ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മോഡലിന്റെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും ജനുവരിയിലോ മാർച്ചിലോ മാർക്കറ്റിൽ ലഭ്യമായേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മാർച്ച് 2023ൽ പുറത്തിറങ്ങിയ നിലവിലെ മാക്‌ബുക്ക് എയറിൽ M3 ചിപ്പുകൾ ഉള്ളതാണ്. ശേഷം ജൂണിൽ ഇവയുടെ M2 ചിപ്പുള്ള 15 ഇഞ്ച് വേരിയന്റും ആപ്പിൾ പുറത്തിറക്കിയിരുന്നു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ശേഷം ഡിസംബറോടെ ലോഞ്ച് ചെയ്യുന്ന പുതിയ മാക്‌ബുക്ക് എയറിനെ ജനുവരിയോടെ മാർക്കറ്റിലെത്തിക്കാനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. നേരത്തെ മാക് സ്റ്റുഡിയോ മോഡലും ഒപ്പം പുറത്തിറക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും അവ വൈകുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ആപ്പിൾ തങ്ങളുടെ ഐപാഡ് മിനി പുറത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഈ മാസം അവസാനമോ നവംബർ ആദ്യവാരമോ മാക്ക്, M4 സിലിക്കൺ, ആപ്പിൾ ഇൻ്റലിജൻസ് എന്നിവയയുടെ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാക്ബുക്ക് പ്രോ, ഐമാക്, മാക് മിനി എന്നിവ അടക്കം ആപ്പിൾ അതിൻ്റെ മാക് ലൈൻ നവീകരിച്ച് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. M4 സീരീസ് ചിപ്പ് ഉപയോഗിച്ചായിരിക്കും ഇവയെല്ലാം പ്രവർത്തിക്കുക.

M4 ഐ മാക്കിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിൻ്റെ പുതിയ USB-C ആക്സസറികളായിരിക്കുമെന്നാണ് റിപ്പോ‌‍ർട്ട്. മാക് മിനിയിലാണ് ടെക് ലോകം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. പുതിയ M4 മാക് മിനി മുൻ മോഡലുകളേക്കാൾ ചെറുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025-ൻ്റെ തുടക്കത്തിൽ ഇത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് അഭ്യൂഹങ്ങൾ. എന്നിരുന്നാലും വരാനിരിക്കുന്ന ആപ്പിൾ ഇവൻ്റിൽ മാക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ തന്നെയാകും ഹൈലൈറ്റ് എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

പുതിയ മാക്ബുക്ക് പ്രോ അതിൻ്റെ പ്രകടനം, കണക്റ്റിവിറ്റി, ഡിസൈൻ എന്നിവയിൽ കാര്യമായ അപ്‌ഗ്രേഡുകൾ വരുത്തുമെന്നാണ് റിപ്പോ‍ർട്ട്. വരാനിരിക്കുന്ന മോഡൽ അതിൻ്റെ എല്ലാ കോൺഫിഗറേഷനുകളിലും കുറഞ്ഞത് 16GB റാം ലഭ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. 8GB മെമ്മറി ഫീച്ചർ ചെയ്യുന്ന നിലവിലെ അടിസ്ഥാന 14-ഇഞ്ച് M3 വേരിയൻ്റിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. മാക് ബുക്ക് പ്രോവിലേത് പോലെ തന്നെ വരാനിരിക്കുന്ന ഐമാക്കിലും സവിശേഷമായ പുതുമകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. M4 ചിപ്പ് ഉൾപ്പെടെ നിർണായകമായ നവീകരണങ്ങൾ ഐമാക്കിൽ ഇടംപിടിക്കുമെന്നാണ് റിപ്പോ‍‌ർട്ടുകൾ. നിലവിലെ 8-കോറിന് പകരം 10-കോർ സിപിയു ഉപയോഗിച്ചാവും ഐമാക്കിൻ്റെ പുതിയ വേ‍‍ർഷൻ പുറത്തിറങ്ങുക.