Food

ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതും ശുദ്ധമാണോ?..പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ കച്ചവടം

നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതും ശുദ്ധമാണോ എന്നത് സംശയമുണര്‍ത്തുന്ന കാര്യമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉത്പന്നങ്ങള്‍ പലതും മാര്‍ക്കറ്റില്‍ സുലഭമാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വ്യാജ നെയ്യ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി പൊലീസ് കണ്ടെത്തി. യൂറിയ, പാം ഓയില്‍, സിന്തറ്റിക് എസന്‍സ് തുടങ്ങിയ അപകടകരമായ ചേരുവകള്‍ ഉപയോഗിച്ച് പാല്‍ ഉത്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ പിന്നീട് പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വിപണനം ചെയ്യും. 25,500 കിലോഗ്രാം വ്യാജ നെയ്യും അത് ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളും ഇവിടെനിന്ന് അധികൃതര്‍ പിടിച്ചെടുത്തു.

‘ശ്യാം അഗ്രോ’ എന്ന പേരിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചുവന്നിരുന്നത്. പാം ഓയില്‍, യൂറിയ, ശുദ്ധീകരിച്ച എണ്ണകള്‍, വനസ്പതി നെയ്യ് എന്നിവയോടൊപ്പം വന്‍ തോതില്‍ വ്യാജ നെയ്യും കൂടിയാണ് പിടിച്ചെടുത്തത്. ദേശീയമാധ്യമം പങ്കുവച്ച വീഡിയോയില്‍ സിറ്റി ഡെപ്യൂട്ടി കമ്മീഷ്ണര്‍ സൂരജ് കുമാര്‍ റോയ് വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നുണ്ട്.

പിടികൂടിയ മറ്റ് വസ്തുക്കള്‍ക്കൊപ്പം 18 ബ്രാന്‍ഡുകളുടെ പാക്കേജിംഗ് സാമഗ്രികളും പോലീസ് കണ്ടെത്തി. പല ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി ഇവര്‍ ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമുലിന്‍റെ ലേബലുകള്‍ പതിപ്പിച്ച 50 ടിന്നുകള്‍ പോലീസ് കണ്ടെത്തുകയുണ്ടായി. റെയ്ഡില്‍ ഫാക്ടറി മാനേജര്‍ ഉള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.