Lifestyle

ജീവനക്കാരുടെ അസുഖം ഉള്ളതാണോ?.., ഡിറ്റക്ടീവുമാരെ നിയോഗിച്ച് കമ്പനികള്‍

ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ ഒരിക്കലെങ്കിലും ലീവ് എടുക്കാത്തവര്‍ വിരളമായിരിക്കും. സ്ഥിരം ഇങ്ങനെ ലീവ് എടുക്കുന്ന ചില വിരുതന്മാരുമുണ്ടാകും. ഇത്തരക്കാരെ കുടുക്കാന്‍ ‘രണ്ടും കല്‍പ്പിച്ച്’ ഇറങ്ങിയിരിക്കുകയാണ് ജര്‍മനിയിലെ ചില കമ്പനികള്‍. സിക്ക് ലീവ് എടുക്കുന്ന ജീവനക്കാര്‍ പറയുന്ന അസുഖം യാഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്നറിയാന്‍ പ്രൈവറ്റ് ഡിറ്റക്ടീവുമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടുന്ന സമയത്ത് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരു മാര്‍ഗമായി കൂടി ഈ ‘അന്വേഷണം’ മാറിയിട്ടുണ്ടെന്നാണ് എഎഫ്പി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജര്‍മനിയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ഫ്രാങ്ക്ഫര്‍ട്ടില്‍ ഉള്‍പ്പടെ ഈ ആവശ്യവുമായി ഡിറ്റക്ടീവ് ഏജന്‍സികളെ സമീപിക്കുന്ന കമ്പനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഏതാണ്ട് 1200-ഓളം അന്വേഷണങ്ങളാണ് ഇത്തരത്തില്‍ നടത്തുന്നതെന്നാണ് ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു ഡിറ്റക്ടീവ് ഏജന്‍സിയുടെ ഉടമ എഎഫ്പിയോട് പറഞ്ഞത്. സിക്ക് ലീവ് എടുക്കുന്ന ജീവനക്കാരുടേത് യഥാര്‍ത്ഥത്തില്‍ ഉള്ള രോഗമാണോ എന്ന് പരിശോധിക്കാനാണ് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതാണ് ഇത്തരത്തിലൊരു പരിശോധനയ്ക്ക് മുതിരാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ ഡെസ്റ്റെയില്‍സ് പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം, 2023ല്‍ ജര്‍മനിയില്‍ ശരാശരി 15.1 ദിവസങ്ങള്‍ ജീവനക്കാര്‍ സിക്ക് ലീവുകള്‍ എടുത്തിട്ടുണ്ട്. ഇത് രാജ്യത്തെ ജിഡിപിയില്‍ വലിയ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.