ആപ്പുകളുടെ സേവനം ഉപയോഗിച്ച് ടാക്സിയും ഓട്ടോയുമെല്ലാം യൂബറിലും മറ്റ് ടാക്സി സര്‍വ്വീസുകളിലും ബുക്ക് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ നിങ്ങളെപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ക്യാബുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഈടാക്കുന്ന പണത്തില്‍ വരുന്ന വ്യത്യാസം. ഒരേ സ്ഥലങ്ങളിലേക്ക്, ഒരേ ദൂരത്തിലേക്കുളള യാത്രയ്ക്കായി ആപ്പുകളുടെ സേവനം ഉപയോഗിച്ച് ടാക്സിയും ഓട്ടോയും മറ്റും ബുക്ക് ചെയ്യുന്ന സേവനം തേടുമ്പോള്‍ അത് ഐഫോണുകളിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായ വിലനിരക്കുകളിലാണ് കാണിക്കുന്നതെന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ഒരു ഉപയോക്താവ് കഴിഞ്ഞദിവസം എക്സില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
റൈഡ് ഹെയ്ലിംഗ് അല്‍ഗോരിതങ്ങള്‍ ആപ്പിള്‍ ഉപഭോക്താക്കളില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ പ്രോഗ്രാം ചെയ്തിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഉയര്‍ന്ന ചര്‍ച്ച. ഇതു സംബന്ധിച്ച് ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളില്‍നിന്ന് ഒരേ ലക്ഷ്യസ്ഥാനത്തേക്കുളള റൈഡുകള്‍ തിരയാന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐഫോണില്‍ നിന്ന് ഓട്ടോ ടാക്സി ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് കൂടുതലാണെന്ന് കണ്ടെത്തിയത്. പക്ഷേ ഈ കണക്കുകള്‍ ഒരിക്കലും നിശ്ചിതമല്ലെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നുണ്ട്.
സ്ഥിരം ഉപഭോക്താക്കള്‍ക്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമോ?
നാം ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ സമ്മതം നല്‍കേണ്ട ഹാര്‍ഡ് വെയര്‍ ഡാറ്റയെ, റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ എങ്ങനെ ആക്സസ് ചെയ്യുന്നു എന്നതില്‍ നിന്നാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സെന്‍ട്രല്‍ സെര്‍വറിന് ഉപയോക്താവിന്റെ ഫോണിന് അനുയോജ്യമായ നിരക്കുകള്‍ എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ചെന്നൈയിലെ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഫാസ്ട്രാക്കിന്റെ മാനേജിംഗ് ഡയറക്ടറായ സി. അംബികപതി ഇതേക്കുറിച്ച് നല്കുന്ന വിശദീകരണം.
യൂണിയന് ഗവണ്മെന്റിന്റെ അഗ്രഗേറ്റര്‍ നയം രൂപീകരിക്കുന്നതില്‍ ഉള്‍പ്പെട്ട ഒരു ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം വിദഗ്ധന്‍ പറയുന്നതനുസരിച്ച് നിരക്ക് വര്‍ദ്ധനവ് ഫോണ്‍ മോഡലുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നാണ്. പതിവായി ആപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഒരേ ഉപകരണത്തില്‍ നിരക്ക് ആവര്‍ത്തിച്ച് പരിശോധിക്കുന്നവര്‍ക്കും ഇത് ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Add Comment