തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം നടക്കും. സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരും സമരത്തിന് എത്തണം എന്നാണ് സമര സമിതിയുടെ ആഹ്വാനം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശ വർക്കർമാരുടെ നിലപാട്. ഇന്നുമുതൽ സമരം കൂടുതൽ ശക്തമാകുമെന്നും ആശ വർക്കർമാർ അറിയിച്ചു.
ഇതിനിടെ സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആശാ വര്‍ക്കര്‍മാരുടെ സംഘടനാ നേതാക്കളുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയും റോഡും കൈയ്യേറി നടത്തിയ രാപ്പകല്‍ സമരം കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തിയായിരുന്നു ആശ വര്‍ക്കര്‍മാരുടെ സമരം. ഈ സാഹചര്യത്തില്‍ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയ്ക്കും ആശ വര്‍ക്കര്‍മാരുടെ നേതാക്കള്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മരട് സ്വദേശി എന്‍ പ്രകാശ് ആണ് സമരക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ആശ വർക്കർമാരുടെ സമരത്തിൽ അനുനയനീക്കവുമായി സർക്കാർ നേരത്തെ രംഗത്ത് വന്നിരുന്നു. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് ഒഴിവാക്കിയിരുന്നു. ആശ വര്‍ക്കാരുമാരുടെ ഓണറേറിയത്തിന് നേരത്തെ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ഓണറേറിയം കുടിശിക നൽകാനുള്ള തുക ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശ വര്‍ക്കര്‍മാര്‍ മറ്റൊരു ആവശ്യം കൂടി അംഗീകരിച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല. നേരത്തെ രണ്ട് മാസത്തെ ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. കുടിശ്ശിക തീർത്ത് നൽകാൻ 52.85 കോടി രൂപയാണ് അനുവദിച്ചത്. കുടിശ്ശിക തുക ഫെബ്രുവരി 19ന് മുതൽ വിതരണം ചെയ്യുമെന്നും. അതേസമയം ഓണറേറിയം വർധിപ്പിക്കണമെന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യം പക്ഷെ സർക്കാർ അംഗീകരിച്ചിട്ടില്ല.
അതേസമയം തങ്ങൾ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശ വർക്കർമാരുടെ നിലപാട്. ഓണറേറിയം അനുവദിച്ചുകൊണ്ടുള്ള സർക്കുലർ സർക്കാർ ഫെബ്രുവരി പതിനൊന്നിന് തന്നെ പുറത്തിറക്കിയിരുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് സംസ്ഥാന അധ്യക്ഷൻ വി കെ സദാനന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു. ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിൽ വലിയ പുതുമയില്ല. തുക തങ്ങളുടെ കൈവശം ലഭിക്കാൻ ഇനിയും സമയമെടുക്കും. കുടിശ്ശിക ലഭ്യമാക്കുക എന്നതുമാത്രമല്ല തങ്ങളുടെ ആവശ്യം. ഓണറേറിയം വർധിപ്പിക്കുക എന്നതും പ്രധാന ആവശ്യമാണെന്നും വി കെ സദാനന്ദൻ പറഞ്ഞിരുന്നു.
Add Comment