അമൃത്സർ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്‌ബീർ സിങ് ബാദലിന്റെ നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് സുഖ്‌ബീറിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ ഖൽസ പ്രവർത്തകനായ നരേൻ സിംഗ് ചൗദരി വെടിയുതിർത്തത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ പ്രതിയെ കീഴ്‌പ്പെടുത്തി.
സുവർണക്ഷേത്രത്തിൽ സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച മതശിക്ഷ അനുഭവിച്ചുവരികയായിരുന്നു സുഖ്‌ബീർ സിങ് ബാദൽ. 2007 മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ അകാലിദൾ സർക്കാർ ചെയ്ത മതപരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് ബാദൽ ഇപ്പോൾ അനുഭവിക്കുന്നത്. ഗുരുദ്വാരകളിലെ അടുക്കളകളും ശുചിമുറികളും വൃത്തിയാക്കണം എന്നതായിരുന്നു ശിക്ഷ. കൂടാതെ സുവർണക്ഷേത്രത്തിന് കഴുത്തിൽ പ്ലക്കാർ ധരിച്ച്, കയ്യിൽ കുന്തം പിടിച്ച്, കാവൽ നിൽക്കാനും അകാൽ തഖ്ത് വിധിച്ചിരുന്നു.
Add Comment