Kerala

രാത്രി ബസിറങ്ങി വീട്ടിലേക്കുപോയ പെൺകുട്ടിക്കു നേരെ ആക്രമണം, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: രാത്രിയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോകവേ വിദ്യാര്‍ത്ഥിനിയെ പിന്തുടർന്നെത്തി ശല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍.

കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.

ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഞ്ജയ് പിന്തുടരുകയായിരുന്നു. ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ കവിളില്‍ അമര്‍ത്തുകയും വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പെരുമണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ നിരീക്ഷിച്ചുമാണ് ഒടുവില്‍ പ്രതിയെ പോലീസ് പിടികൂടിയത്.