Kerala

കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. കേസെടുത്ത 20 പേരും കൊച്ചിന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.

ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം ഉണ്ടായത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആറ് വര്‍ഷത്തിന് ശേഷം കെഎസ്‌യുവാണ് വിജയിച്ചത്. വിജയത്തിന് ശേഷം ബാനര്‍ കെട്ടാനും കൊടി ഉയര്‍ത്താനും കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.