ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റായ സിഡ്‌നി ടെസ്റ്റിലെ ആദ്യ ദിനം പൂർത്തിയാക്കിയിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 185 റൺസിന് ഓൾ ഔട്ടായാപ്പോൾ ഓസീസ് മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 എന്ന നിലയിലാണ്. എന്നത്തേയും പോലെ ബുംമ്ര തന്നെയാണ് ഓസീസിന്റെ ആദ്യ വിക്കറ്റ് നേടിയത്.
ഇത് വരെ പരമ്പരയിൽ 31 വിക്കറ്റുകളാണ് താരം നേടിയത്. അതിൽ ഭൂരിഭാഗവും ടോപ് ഓർഡർ ബാറ്റർമാരുടേതും. ഇന്ത്യൻ നിരയിൽ ഈ പരമ്പരയിൽ വിക്കറ്റ് വേട്ടയിൽ രണ്ടാമതുള്ള സിറാജ് നേടിയത് 16 വിക്കറ്റാണ്. ഓസ്‌ട്രേലിയൻ നിരയിൽ ആദ്യ സ്ഥാനത്തുള്ള കമ്മിൻസ് എടുത്തത് 17 വിക്കറ്റും.
പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ഇത്തവണ ഇന്ത്യയുടെ പേസർ തിളങ്ങി. അഞ്ചാം ടെസ്റ്റിൽ 17 പന്തിൽ 22 റൺസാണ് താരം നേടിയത്. പരമ്പരയുടെ ടോട്ടൽ റൺസ് നേട്ടത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയെയും ഒമ്പതാമതിറങ്ങുന്ന ബുംമ്ര മറികടന്നിട്ടുണ്ട്. ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും ബുമ്രയുടേതാണ്.
ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.
Add Comment