Kerala

ആത്മകഥ വിവാദം ഡിസി പബ്ലിക്കേഷൻ മാനേജർക്ക് സസ്പെൻഷൻ

മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഡി.സി ബുക്സ്.

സംഭവത്തില്‍ പബ്ലിക്കേഷൻസ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്പെൻഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.

പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് ഡി.സി ബുക്സ് ഉടമ ഡി.സി രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.

ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡി.സി. മൊഴി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജൻ. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാർട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നു പറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാർത്തയായി. എനിക്കെതിരേ പാർട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഞാൻ പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജൻ പറഞ്ഞിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment