Sports

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടാനുള്ള അവസരം നഷ്ടമായതില്‍ പ്രതികരിച്ച് അക്‌സര്‍

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടാനുള്ള അവസരം നഷ്ടമായതില്‍ പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍. മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും വിക്കറ്റുകള്‍ വീഴ്ത്തിയ അക്‌സറിന് നാലാം പന്തിലും വിക്കറ്റ് നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സിംപിള്‍ ക്യാച്ച് നിലത്തിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അക്‌സറിന്റെ ഹാട്രിക് നഷ്ടപ്പെടുത്തിയത്.

ചാംപ്യന്‍സ് ട്രോഫിയിലെ ഹാട്രിക് എന്ന അപൂര്‍വ നേട്ടം നഷ്ടമായതിനെകുറിച്ച് ഒന്നാം ഇന്നിങ്സിന് ശേഷം സംസാരിക്കുകയായിരുന്നു അക്‌സര്‍. രോഹിത് ശര്‍മ ക്യാച്ച് വിട്ടുകളഞ്ഞത് സാരമില്ലെന്നും ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നുമായിരുന്നു അക്‌സറിന്റെ പ്രതികരണം.

‘ആ പന്ത് രോഹിത് ശര്‍മയുടെ അടുത്തേക്ക് പോയതുകണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ആഘോഷിച്ചുതുടങ്ങിയിരുന്നു. പക്ഷേ പിന്നീടാണ് ആ ക്യാച്ച് കൈവിട്ടുപോയെന്ന് ഞാന്‍ മനസ്സിലാക്കിയത്. എന്തുചെയ്യാന്‍ സാധിക്കും? ഇത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. ഞാന്‍ അധികം പ്രതികരിച്ചിരുന്നില്ല. തിരിഞ്ഞുനടക്കുകയാണ് ചെയ്തത്’, അക്‌സര്‍ പറഞ്ഞു.

ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. ഓവറിലെ അക്‌സറിന്റെ രണ്ടാം പന്ത് നേരിട്ടത് ബംഗ്ലാദേശ് ബാറ്റര്‍ തന്‍സീദ് ഹസ്സനായിരുന്നു. താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തി. മൂന്നാം പന്തിലും സമാന വിക്കറ്റ് ആവര്‍ത്തിച്ചു. ഇത്തവണ മുഷ്ഫിക്കര്‍ റഹീമായിരുന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

നാലാം പന്തില്‍ ജാക്കര്‍ അലിയായിരുന്നു അക്‌സറിനെ നേരിട്ടത്. വീണ്ടുമൊരു ഔട്ട്‌സൈഡ് എഡ്ജ് വഴി പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തുകയും പക്ഷേ പന്ത് ഇന്ത്യന്‍ നായകന്റെ കൈകളില്‍ നിന്ന് ചോരുകയും ചെയ്തു. ഇതോടെ അക്‌സറിന് ഹാട്രിക് നഷ്ടമായി. അക്‌സറിന് ഹാട്രിക് നഷ്ടമാകുന്നതിന് കാരണമായതില്‍ രോഹിത് ശര്‍മയുടെ മുഖത്ത് നിരാശയും പ്രകടമായിരുന്നു. ഗ്രൗണ്ടില്‍ കൈകൊണ്ട് ശക്തമായി അടിച്ചാണ് രോഹിത് തന്റെ നിരാശ പ്രകടമാക്കിയത്.