Entertainment

2027ൽ ബാറ്റ്മാൻ രണ്ടാം ഭാഗം റിലീസിനെത്തുന്നു

റോബർട്ട് പാറ്റിൻസൺ നായകനായി മാറ്റ് റീവ്സ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ദി ബാറ്റ്മാന്‍. ഡിസി ഫിലിംസ് നിർമ്മിച്ച ബാറ്റ്മാൻ ഫിലിം ഫ്രാഞ്ചൈസിയുടെ റീബൂട്ടായിട്ടാണ് ഈ ചിത്രം എത്തിയിരുന്നത്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ബാറ്റ്മാനായുള്ള റോബർട്ട് പാറ്റിൻസണിൻ്റെ പ്രകടനത്തിനും മാറ്റ് റീവ്സിൻ്റെ സംവിധാനത്തിനും പ്രേക്ഷകരുടെ കയ്യടി നേടാനായിരുന്നു.

ചിത്രത്തിനൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റിനെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഹോളിവുഡ് മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ബാറ്റ്മാൻ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി 2026 ൽ നിന്നും 2027 ലേക്ക് മാറ്റിയിരിക്കുകയാണ്. 2027 ഒക്ടോബര്‍ ഒന്നിന് ആണ് സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ മാറ്റ് റീവ്‌സ് ഇപ്പോഴും തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ 2025-ലായിരിക്കും ചിത്രം നിര്‍മാണം തുടങ്ങുക. തനിക്ക് സാധ്യമായ ഏറ്റവും മികച്ച സിനിമ നിർമ്മിക്കാനുള്ള പ്രയത്നത്തിലാണ് സംവിധായകൻ മാറ്റ്. അതുകൊണ്ട് തിരക്കഥ മുഴുവനായും പൂർത്തിയായതിന് ശേഷം മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ എന്നാണ് ഹോളിവുഡ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്.

ജോര്‍ജ് ക്ലൂണി, ക്രിസ്റ്റിയന്‍ ബെയില്‍, ബെന്‍ അഫ്‌ളെക്ക് എന്നിവര്‍ക്കുശേഷം ബാറ്റ്മാന്‍ വേഷമണിയുന്ന നടനാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. സോയി ക്രാവിറ്റ്സ്, പോൾ ഡാനോ, ജെഫ്രി റൈറ്റ്, കോളിൻ ഫാരെൽ തുടങ്ങിയവരാണ് ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ അഭിനേതാക്കൾ. മാറ്റ് റീവ്സ്, പീറ്റർ ക്രെയ്ഗ് ചേർന്നാണ് ബാറ്റ്മാനായി തിരക്കഥയൊരുക്കിയത്. 185–200 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോളതലത്തിൽ വാരികൂട്ടിയത് 772 മില്യൺ ഡോളറാണ്.