Business

റെക്കോഡ് കയറ്റവുമായി പൊന്ന്; പവന് 58,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ആദ്യമായി പവന് 58,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഗ്രാം വില 40 രൂപ വർധിച്ച് 7,280 രൂപയും പവൻ വില 320 രൂപ ഉയർന്ന് 58,240 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് 30 രൂപ വർധിച്ച് 6,015 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വർധിച്ച് ആദ്യമായി 102 രൂപയിലെത്തി.

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധങ്ങളുമാണ് സ്വർണ വിലയെ മുന്നേറ്റത്തിലാക്കുന്നത്. രാജ്യാന്തര സ്വർണ വില തുടർച്ചയായ നാല് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്നലെ ഒറ്റയടിക്ക് ഔൺസ് വില 2,692.55 ഡോളറിൽ നിന്ന് 1.03 ശതമാനം ഉയർന്ന് 2,722 ഡോളറിലെത്തി. ഈ വർഷം ഇതു വരെ അന്താരാഷ്ട്ര വിലയിൽ 31.74 ശതമാനമാണ് സ്വർണ വില വർധിച്ചത്.

2024 ജനുവരിയിൽ കേരളത്തിൽ സ്വർണ വില ഗ്രാമിന് 5,855 രൂപയും പവൻ വില 46,840 രൂപയുമായിരുന്നു. ഇതു വരെ ഗ്രാമിന് 1,425 രൂപയും പവന് 11,400 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര പ്രവചനങ്ങളും മറികടന്നാണ് സ്വർണ വിലയുടെ മുന്നേറ്റം. പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതും വിവിധ കേന്ദ്ര ബാങ്കുകൾ അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കുന്നതും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഡിമാൻഡ് ഉയരുന്നതും സമീപ ഭാവിയിൽ സ്വർണത്തിന്റെ വില ഉയർത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയിൽ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചത് വഴി സ്വർണ ഇറക്കുമതി മൂന്നിരട്ടിയോളം വർധിച്ചു. ഓഗസ്റ്റിൽ 140 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. ദീപാവലി, ദസറ, വിവാഹ സീസൺ എന്നിവ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നതും വില കൂടാൻ ഇടയാക്കുന്നുണ്ട്.

ഇന്ത്യയുടെ മൊത്തം സ്വർണ ഉപയോഗത്തിന്റെ പകുതിയും വിവാഹ ആവശ്യങ്ങൾക്കായാണ്. മികച്ച മൺസൂൺ സീസൺ മൂലം കർഷകർ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ചെലവഴിക്കാനുള്ള വരുമാനം ഇയർന്നതും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണം വാങ്ങുന്നത് നിറുത്തി വച്ചെങ്കിലും കരുതൽ ശേഖരം വിൽക്കാനുള്ള സാധ്യതകൾ കാണുന്നില്ല. മാത്രമല്ല മറ്റുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർധിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഹ്രസ്വകാലത്തിൽ ചാഞ്ചാട്ടത്തിന് സാധ്യതകളുണ്ടെങ്കിലും വില മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് നിരീക്ഷകർ കണക്കാക്കുന്നത്.

വിവാഹ ആവശ്യങ്ങൾക്കുൾപ്പെടെ ഉടൻ സ്വർണം വാങ്ങേണ്ടവർക്കാണ് ഉയർന്ന വില പ്രതിബന്ധമാകുന്നത്. ഇന്ന് ഒരു പവന്റെ വില 58,240 രൂപയാണെങ്കിലും ഒരു പവൻ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വർണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോൾമാർക്ക് ചാർജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകിയാലേ കടയിൽ നിന്ന് ഒരു പവൻ ആഭരണം സ്വന്തമാക്കാനാകൂ. പണിക്കൂലി വിവിധ ആഭരണങ്ങൾക്കനുസരിച്ച് വ്യത്യാസം വരും. ഇത് വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാക്കും.

About the author

KeralaNews Reporter

Add Comment

Click here to post a comment