Money

ഓഹരിവിപണിയിൽ അഞ്ചുമുൻനിര കമ്പനികളുടെ മൂല്യത്തിൽ വൻഇടിവ്

കഴിഞ്ഞയാഴ്ച ഓഹരി വിപണി കനത്ത ഇടിവാണ് നേരിട്ടത്. ബിഎസ്ഇ സെന്‍സെക്സ് 1844 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തി. വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.85 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

എച്ച്ഡിഎഫ്സി ബാങ്കും ഐടിസിയും ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിനും ഐടിസിക്കും പുറമേ ഐസിഐസിഐ ബാങ്കും എസ്ബിഐയും റിലയന്‍സുമാണ് വിപണി മൂല്യത്തില്‍ നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രം 70,479 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 12,67,440 കോടിയായി താഴ്ന്നു. ഐടിസി 46,481 കോടി, എസ്ബിഐ 44,935 കോടി, റിലയന്‍സ് 12,179 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

ടിസിഎസ് അടക്കമുള്ള അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ടിസിഎസിന് മാത്രം 60,168 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 15,43,313 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്സിഎല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.