വയനാട്: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ തലത്തിലുമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഒറ്റ മനസോടെ വലിയ രാഷ്ട്രീയ സമരത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് രംഗത്തുണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കളം ഒരുങ്ങിയെന്നും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. രാഷ്ട്രീയ സമരത്തിന്റെ ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ടു പോരാടാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയുണ്ടാകും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മറ്റന്നാള്‍ എക്‌സിക്യൂട്ടീവ് യോഗം കൂടും. അതിനു ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം’, ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍ അടുത്ത മാസമാണ് നടക്കുന്നത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും അടുത്ത മാസം 13ന് നടക്കും. വോട്ടെണ്ണല്‍ 23നാണ് നടക്കുന്നത്.
കൂടാതെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പും നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
Add Comment