Politics

ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് ബിനോയ് വിശ്വം

കാഞ്ഞങ്ങാട്: ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമര്‍ശനങ്ങള്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാൻ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

‘നിലപാട് എന്താണ്, പോരാട്ടമെന്താണ് എന്ന് സർക്കാർ മറക്കാന്‍ പാടില്ല. എകെഎസ്ടിയു ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇടതുപക്ഷം ഇടതുപക്ഷമാകാന്‍ വേണ്ടിയാണ്. വിമര്‍ശനം ഇടതുപക്ഷത്തെ ദുര്‍ബലമാക്കലല്ല. ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെ’ന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.

സത്യങ്ങളെ തലകീഴായി കെട്ടിത്തൂക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി ഭരണത്തില്‍ വിദ്യാഭ്യാസം ആശയപരമായും സാമൂഹികമായും മലിനപ്പെടുകയാണ്. അധ്യാപനത്തിന്റെ എല്ലാ ഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ് മോദി സര്‍ക്കാരെന്നും ബിനോയ് വിശ്വം പറഞ്ഞു.