Kerala

ആൻ്റോ തട്ടിപ്പുകാരൻ, ഒപ്പം പോയത് ഗൃഹ സമ്പർക്കത്തിന്; തെളിവ് പുറത്തുവിട്ട് ശോഭ സുരേന്ദ്രൻ

മുട്ടില്‍ മരം മുറികേസിലെ പ്രതിയും റിപ്പോർട്ടർ ടി.വി ഉടമയുമായ ആന്‍റോ അഗസ്റ്റിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. താൻ പ്രസംഗിക്കുന്ന വേദിയില്‍ ആന്റോ ഉണ്ടായിരുന്ന ഫോട്ടോ പുറത്തുവിടുകയായിരുന്നു ശോഭാ സുരേന്ദ്രൻ. തൃശൂരില്‍ വാർതത്താസമ്മേളനം നടത്തിയാണ് ശോഭാ സുരേന്ദ്രൻ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ആന്റോ അന്ന് പിസി തോമസിന്റെ പാർട്ടിയുടെ നേതാവായിരുന്നു. ദീന ദയാല്‍ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടില്‍ പോയത്. മൂന്നുനാലു വീടുകളില്‍ ഗൃഹസമ്ബർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിന്റെ പാർട്ടിയിലൂടെ ബിജെപിയിലേക്ക് ആന്റോ കയറിക്കൂടി. ആന്റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫർക്ക് നേരെ ഉണ്ടായാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസില്‍ ആൻ്റോ അഗസ്റ്റിൻ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാർ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിർമിച്ചവർ ജയിലിലാണ്. മുൻ മന്ത്രി മഞ്ഞളാം കുഴി അലിയെ 18 കോടി പറ്റിച്ചുവെന്നും മാംഗോ ഫോണ്‍ ഇടപാടില്‍ ആൻ്റോ വൻ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

നേരത്തെ, തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണമെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ശോഭ ആരോപിച്ചു. ഞാൻ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണ്. ആന്‍റോയുടെ കൂട്ടുകാരനായ കാർവാർ എംഎല്‍എ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതില്‍ ആന്റോ ഗൂഢാലോചന നടത്തി. നിലവാരം വിട്ട കളിയുമായി ആന്റോ മുന്നോട്ടു പോകരുത്. എങ്ങനെയാണോ ദിവ്യ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയ ശോഭ, ആന്‍റോ അഗസ്റ്റിനെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നും പറഞ്ഞു. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിന്‍ സമീപിച്ചിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

തിരൂർ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്‍റെ വീടല്ല തന്‍റെ ചേച്ചിയുടെ വീടാണ് ഫോട്ടോയില്‍ കാണുന്നത്. ഒന്നര- രണ്ട് വർഷം മുമ്ബുള്ള ഫോട്ടോയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സതീഷ് കൊണ്ടുവന്നത്. സതീഷിന്‍റെ വീട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.