പാലക്കാട് നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ ബിജെപിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം.
പാർട്ടി വിജയ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് കിട്ടിയതിനെക്കാള്‍ പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പാലക്കാട്ടെ ദയനീയ പരാജയത്തിന് കാരണമെന്ന വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ വിമർശനം ഉയർത്തുന്നത്.
സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വോട്ട് വൻതോതില്‍ നഷ്ടപ്പെട്ടതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. സംസ്ഥാനത്ത് പാർട്ടി ഏറ്റവും പ്രതീക്ഷ വെച്ച മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാടാണ് തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യിലുള്ള പാലക്കാട് നഗരസഭയില്‍ പോലും കടുത്ത നിരാശയാണുണ്ടായത്.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രൻ എന്ന് പാർട്ടിയിലെ വിമർശകർ. മണ്ഡലത്തില്‍ ക്യാമ്ബ് ചെയത് സുരേന്ദ്രൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തെക്കാള്‍ പതിനായിരം വോട്ടാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്. സുരേന്ദ്രൻ വളരെ കുറച്ച് മാത്രം പോയ ചേലക്കരയില്‍ പാർട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകള്‍. കണ്ണായ പാലക്കാടൻ കോട്ടയിലെ തോല്‍വിയുടെ ആഘാതം ഉടനൊന്നും മാറില്ല.
സംഘടനാ സംവിധാനത്തില്‍ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ പരസ്യമായി വിമർശിച്ച് തുടങ്ങി. എഫ് ബി പോസ്റ്റായി കമൻറായം നേതാക്കള്‍ വിമർശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. കടുത്ത അതൃപ്തിയുള്ള ശോഭാ സുരേന്ദ്രൻറെ അടുത്ത നീക്കവും നിർണ്ണായകമാണ്. ശോഭയായിരുന്നെങ്കില്‍ ഇതല്ല ഫലമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിൻറെയും നിലപാട്. കൃഷ്ണദാസ് പക്ഷവും അധ്യക്ഷനെതിരായ പടയൊരുക്കത്തിലാണ്. സുരേന്ദ്രനില്‍ അടിയുറച്ച് വിശ്വസിച്ച ആർഎസ്‌എസിനും കിട്ടിയത് കനത്ത തിരിച്ചടി. സംഘടനാപ്രശ്നങ്ങളില്‍ സുരേന്ദ്രനൊപ്പം നിന്ന കേന്ദ്ര നേതൃത്വം ഇനി മാറ്റിച്ചിന്തിക്കാൻ സാധ്യതയേറെയാണ്. സുരേന്ദ്രനെ മാറ്റണമെന്ന മുറവിളിയെ ഇനി അങ്ങനെ ദേശീയനേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാകില്ല.
Add Comment