പാലക്കാട്: കെ മുരളീധരൻ മാന്യനായ രാഷ്ട്രീയ നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. മുരളീധരനെയും മുരളീധരൻ്റെ മാതാവിനെയും അപമാനിച്ചിട്ടും പാർട്ടി പറഞ്ഞപ്പോൾ മുരളീധരൻ പാലക്കാടേക്ക് എത്തിയെന്നും, മനസ്സ് വിങ്ങിയാണ് മുരളീധരൻ പാലക്കാട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞപ്പോൾ മുരളീധരൻ മാന്യതയാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് ആധികാരിക വിജയം ബിജെപി നേടുമെന്നും, ചേലക്കരയിൽ അട്ടിമറി വിജയം കൈവരിക്കുമെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം പത്തനംതിട്ടയിൽ സിപിഐഎമ്മിന്റെ അഡ്മിനാണ് രാഹുലിനുവേണ്ടി പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ തവണ പരീക്ഷിച്ച് നടപ്പിലാക്കിയ അന്തർധാര ശക്തമാക്കാനുള്ള ശ്രമമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് വോട്ടർമാർക്ക് മനസ്സിലാകും. എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്ന സ്ഥലങ്ങളിൽ ബിജെപിക്ക് നേട്ടം ഉണ്ടാകാറുണ്ടെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ടെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
മുനമ്പത്ത് ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുനമ്പം വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. എന്നാൽ വിഷയത്തിൽ ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നില്ല. മുനമ്പം നിവാസിക്കൾക്ക് വായ്പ എടുക്കാനും നികുതി അടക്കാനും സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍ ഇവരെ കുടിയൊഴിപ്പിക്കില്ല എന്നതിന് എന്താണ് ഉറപ്പെന്നും ചോദിച്ചു.
Add Comment