Politics

ഉപതിരഞ്ഞെടുപ്പ് രഥോത്സവ ദിനത്തിൽ നടത്താനുള്ള ശ്രമം ബിജെപിയുടെ തന്ത്രം; സിപിഐഎം

പാലക്കാട്: കൽ‌പാത്തി രഥോത്സവ ദിനത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബിജെപിയുടെ തന്ത്രമെന്ന് സിപിഐഎം. ബിജെപി കൽ‌പാത്തിക്കാരെ കബളിപ്പിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. ഇലക്ഷൻ കമ്മീഷനിൽ ഏറെ സ്വാധീനമുള്ളവരാണ് ബിജെപിയും ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും. പ്രധാനമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ട് നടപടി സ്വീകരിക്കാത്ത ഇലക്ഷൻ കമ്മീഷൻ ബിജെപി ആവശ്യപ്പെട്ടിട്ട് തീയതി മാറ്റിയില്ലെന്ന് പറയുന്നത് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാൻ ശേഷിയില്ലെങ്കിൽ അതിന് ബിജെപി മാത്രമാണ് ഉത്തരവാദി. ഗൂഢാലോചന ആരോപിച്ച് വിഷയത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു. രഥോത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ ആവശ്യം അധികൃതരെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 13 കൽപാത്തി രഥോത്സവം തുടങ്ങുന്ന ആദ്യദിവസമാണ്. ഈ ദിവസമാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.