Kerala

കാക്കനാട് ടിവി സെന്ററില്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: എറണാകുളം കാക്കനാട് ടിവി സെന്ററില്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍.

ജാര്‍ഖണ്ഡ് സ്വദേശിയും എറണാകുളം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയെയും സഹോദരി ശാലിനി വിജയിയെയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു. അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. അമ്മയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം ഉയര്‍ന്നതോടെ സഹപ്രവർത്തകർ പൊലീസിനെ അറിയിക്കുകയായിരുന്നു. മനീഷ് രണ്ടാഴ്ചയായി അവധിയില്‍ ആയിരുന്നു. അവധി കഴിഞ്ഞിട്ടും എത്താതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ചു വരികയായിരുന്നു.

മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിവരം. പ്രദേശത്ത് ദുർഗന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നു. മാലിന്യത്തില്‍ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മനീഷിന്റെ മൃതദേഹം മുൻവശത്തെ കിടപ്പുമുറിയിലും ശാലിനിയുടേത് പിൻവശത്തെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ഫൊറൻസിക് സർജൻ എത്തിയ ശേഷമായിരിക്കും പൊലീസ് വീട്ടിൽ പരിശോധന നടത്തുക.