India

മധ്യപ്രദേശിൽ കുഴൽ കിണറിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ​ഗുണ ജില്ലയിലെ കുഴൽ കിണറിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു. പതിനാറ് മണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ ഇന്ന് രാവിലെ 9.30 യോടെ പുറത്തെടുത്തിരുന്നു. പുറത്ത് എടുത്ത കുട്ടിയെ ഉടൻ തന്നെ ജീവൻ രക്ഷാ യന്ത്രത്തിൻറെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുങ്ങിയ കുഴൽക്കിണറിലായിരുന്നു കുട്ടി വീണത്. കൈകളും കാലുകളും നനഞ്ഞ് വീർത്ത നിലയിലായിരുന്നു കണ്ടെത്തിയത്. പരിശോധനയിൽ കുട്ടിയുടെ വായിൽ ചെളിയും കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകുന്നേരമാണ് 10 വയസ്സുകാരനായ ആൺകുട്ടി കുഴൽ കിണറിൽ വീണത്. 140 അടിയോളം താഴ്ചയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ എൻഡിആർഎഫും എസ് ഡി ആർഎഫും സ്ഥലത്തെത്തിയിരുന്നു. സുമിത്ത് മീന എന്ന കുട്ടിയാണ് വീട്ടിലെ ഫാമിന് സമീപത്തെ കുഴൽ കിണറിൽ വീണത്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് കുട്ടി കുഴല്‍കിണറില്‍ വീണത് കണ്ടത്. പരിഭ്രാന്തരായ കുടുംബം പൊലീസിനെ വിവരം അറയിക്കുകയായിരുന്നു. എസ് ഡിആർഎഫ് സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഓക്സിജൻ പൈപ്പ് എത്തിച്ച് കൊടുത്തിരുന്നു. പിന്നീട് 16 മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനത്തിനൊടുവിലായിരുന്നു കുട്ടിയെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.