നീണ്ട കാത്തിരിപ്പിന് ശേഷം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ലാഭത്തിലായി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദമായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ബിഎസ്എൻഎൽ ലാഭം കൈവരിച്ചത്. 262 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.
2007ന് ശേഷം ഇതാദ്യമായാണ് സ്ഥാപനം ലാഭത്തിലാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ, ഇതേ പാദത്തിൽ കമ്പനി 1500 കോടിയോളം രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇവയടക്കം 1800 കോടി രൂപയുടെ നഷ്ടം നികത്തിയ ശേഷമാണ് ഈ ലാഭം ഉണ്ടാകുന്നത്. കമ്പനിയുടെ നിരവധി സേവനങ്ങളിലൂടെയുള്ള വരുമാനങ്ങൾ ഉയർന്നിട്ടുണ്ട്. മൊബിലിറ്റി സേവനം, ഫൈബർ ടു ദ് ഹോം, ലീസ്ഡ് ലൈൻ വരുമാനം എന്നിവയെല്ലാം 15 മുതൽ 20 ശതമാനം വരെയാണ് വരുമാനം ഉയർത്തിയത്.
നടപ്പ് സാമ്പത്തിക വർഷവും 20% സാമ്പത്തിക വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. 4ജി സേവനം വ്യാപിപ്പിക്കൽ, ഒപ്റ്റിക്ക് ഫൈബർ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായിരുന്നു കഴിഞ്ഞ പാദത്തിൽ കമ്പനി ഊന്നൽ നൽകിയത്. ഇത് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ചെലവുകൾ നിയന്ത്രിച്ചതും സ്ഥാപനം ലാഭത്തിലാകാൻ കാരണമായി. ഇനി എത്രയും വേഗം 5ജി സേവനം നൽകാൻ തയ്യാറാകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. നിലവിൽ 4ജി സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടിസിഎസിന്റെ സഹകരണത്തോടെ ഒരു ലക്ഷം സൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തിയിലാണ് കമ്പനി.
2019ൽ നഷ്ടമെല്ലാം നികത്തി, പ്രവർത്തനം മെച്ചപ്പെടുത്തൽ ബിഎസ്എൻഎല്ലിന് കേന്ദ്രസർക്കാർ 3.22 ലക്ഷം കോടി രൂപയുടെ പാക്കേജ് ഏർപ്പെടുത്തിയിരുന്നു. ഈ സഹായം സ്ഥാപനത്തിന് വലിയ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.
Add Comment