Entertainment

കടൽ കടന്ന് ബറോസ്; ജനുവരി ഒന്ന് മുതല്‍ അമേരിക്കയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രിഡി ചിത്രം ഡിസംബര്‍ 25നായിരുന്നു തിയേറ്ററുകളിലെത്തിയത്. ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ബറോസ് എന്ന നിധി കാക്കുന്ന ഭൂതമായി പ്രധാനവേഷത്തില്‍ എത്തിയത്.

സാങ്കേതികമികവിന് കയ്യടി നേടാനായെങ്കിലും ബറോസ് കേരളത്തിലും ഇന്ത്യയിലെ മറ്റ് ഭാഷകളിലും തിയേറ്ററുകളെ തൃപ്തിയെടുത്തിരുന്നില്ല. അഡ്വാന്‍സ് ബുക്കിങ്ങില്‍ കേരളത്തില്‍ നിന്ന് മാത്രമായി ഒരു കോടിയോളം സ്വന്തമാക്കാനും ഓപണിങ് ഡേ കളക്ഷന്‍ മൂന്ന് കോടിക്ക് മുകളിലെത്തിക്കാനും കഴിഞ്ഞെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അതിന്റെ ഗുണമുണ്ടായില്ല.

ചിത്രത്തെ കുറിച്ച് വന്ന തണുപ്പന്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളും കളക്ഷനെ സാരമായി ബാധിച്ചിരിക്കുകയാണ്. ഒപ്പം ക്രിസ്മസ് റിലീസായെത്തിയ മറ്റ് ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടുന്നതും ബറോസിന് തിരിച്ചടിയായി.

എന്നാലിപ്പോള്‍ ബറോസ് മറ്റൊരു റിലീസിന് തയ്യാറെടുക്കുകയാണ്. അമേരിക്കയില്‍ ജനുവരി ഒന്ന് മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അമേരിക്കയിലെ ഷോകളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്ററും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. പിരീഡ് ഫാന്റസി ഴോണറില്‍ കഥ പറയുന്ന ബറോസ് കുട്ടികള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.