Local

അപകടത്തിൽപെട്ട ബസ് പൊലീസ് വിട്ടുനൽകുന്നില്ലെന്ന് പരാതി

തലശ്ശേരി: അപകടവുമായി ബന്ധപ്പെട്ട് കതിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബസ് ഉടമക്ക് വിട്ടുനല്‍കുന്നില്ലെന്ന് പരാതി.

തലശ്ശേരിയില്‍നിന്ന് ഇരിട്ടി മാട്ടറയിലേക്ക് സര്‍വിസ് നടത്തുന്ന മൂണ്‍ഷാ ബസാണ് കതിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാട്ടറയില്‍നിന്നും തലശ്ശേരിയിലേക്ക് പോകുന്നതിനിടയില്‍ പൊന്ന്യം നായനാര്‍ റോഡിന് സമീപം ബസ് പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചിരുന്നു. നിസ്സാര അപകടമായിട്ടും ഓട്ടോഡ്രൈവറും യാത്രക്കാരായ സ്ത്രീകളും പ്രകോപിതരായി ബസ് ഡ്രൈവറെ ബസിനുള്ളില്‍ കയറി മര്‍ദിച്ചു. ബസിന്റെ ചില്ലും തകര്‍ത്തു.

സംഭവത്തില്‍ ഡ്രൈവര്‍ മാലൂര്‍ സ്വദേശി ബിജു (36) പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. ഇതേ തുടര്‍ന്നാണ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടം നേരിട്ടാല്‍ നിയമപ്രകാരം മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിച്ചു കഴിഞ്ഞാല്‍ വാഹനം വിട്ടുനല്‍കണം. എന്നാല്‍, ബസ് വിട്ടുനല്‍കാനോ ഫോണില്‍ ബന്ധപ്പെട്ടാല്‍ മറുപടി നല്‍കാനോ പൊലീസ് തയാറാകുന്നില്ലെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. വേലായുധന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സെക്രട്ടറി കെ. ഗംഗാധരന്‍, ട്രഷറര്‍ കെ. പ്രേമൻ, കെ.കെ. പ്രേമാനന്ദന്‍, കെ.കെ. ജിനചന്ദ്രന്‍, ടി.പി. പ്രേമനാഥന്‍, കെ. ദയാനന്ദന്‍, എന്‍.ആര്‍. വിജയന്‍ എന്നിവർ പങ്കെടുത്തു.