കൊച്ചി: പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന് തോറ്റത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കാനില്ല. പ്രായാധിക്യം മൂലം മാറി നില്‍ക്കുകയാണ്. കെ റെയിലില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സന്തോഷം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല. പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
മണ്ഡലത്തില്‍ ബിജെപി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം ലഭിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പേരുകളില്‍ സി കൃഷ്ണകുമാറിനാണ് പ്രഥമ പരിഗണന. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സര രംഗത്ത് വരികയും എല്‍ഡിഎഫ് വോട്ടുകള്‍ക്ക് പുറമേ വോട്ടുകള്‍ സമാഹരിക്കുകയും ചെയ്താല്‍ അനായാസ വിജയം കൈവരിക്കാനാവുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്.
പാലക്കാട് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തിയതും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി വാശിപിടിച്ചത്. കെ കൃഷ്ണകുമാര്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമായതോടെ കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ ശോഭാ സുരേന്ദ്രനെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് ചിലര്‍ ഫ്ളക്സും സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തങ്ങളാണ് മേല്‍ക്കൈ നേടിയതെന്ന അവകാശവാദവും ഉന്നയിച്ചിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാര്‍ 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015-20 കാലഘട്ടത്തില്‍ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട് എന്നതുകള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൃഷ്ണകുമാറിനായി ഒരുവിഭാഗം മുറവിളി കൂട്ടുന്നത്. അതിനിടെ ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും കൃഷ്ണകുമാറിന് പാലക്കാട് സീറ്റ് നല്‍കാനും ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
Add Comment