പാലക്കാട്: നഗരസഭ കൗൺസിലർമാരാണ് തോൽവിക്ക് കാരണമെന്ന റിപ്പോർട്ട് തള്ളി സി കൃഷ്ണകുമാർ. താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കൗൺസിലർമാർ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആരും കൗൺസിലർമാരെ കുറ്റപ്പെടുത്തി റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘റിപ്പോർട്ട് മാധ്യമസൃഷ്ടി മാത്രമാണ്. എൻ്റെ സ്ഥാനാർഥിത്വം ഞാൻ തീരുമാനിച്ചതല്ല. നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടു, മത്സരിച്ചു’, അദ്ദേഹം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ്റെ ആരോപണങ്ങൾക്കും കൃഷ്ണകുമാർ മറുപടി നൽകി. തന്റെ ആസ്തി തിരഞ്ഞെടുപ്പ് അഫിഡവിറ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലീഷിൽ ആണ് സത്യവാങ്മൂലം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ശിവരാജന് മനസിലാകാത്തത് ആയിരിക്കുമെന്നും കൃഷ്ണകുമാർ പരിഹസിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Add Comment