Kerala

കരുതലായിരുന്നു എം ടി യുടെ കാതൽ, കൈപിടിച്ച് കേറ്റലാണ് അദ്ദേഹത്തിൻ്റെ കർമ്മം; പ്രിയ എഎസ്

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരി പ്രിയ എഎസ്. കരുതലായിരുന്നു എം ടി യുടെ കാതലെന്നും കൈപിടിച്ച് കേറ്റലാണ് അദ്ദേഹത്തിൻ്റെ കർമ്മമെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് അദ്ദേഹത്തോട് ഏറ്റവും ബഹുമാനം‌ തോന്നിയത് കഥ എഴുതാൻ തോന്നാതിരുന്നപ്പോൾ കഥയെഴുത്തു നിർത്തി എന്നതിനോടാണെന്നും പ്രിയ കുറിപ്പിൽ പറയുന്നു. എം ടിയുമായുള്ള കൂടികാഴ്ചയെ പറ്റിയും ആത്മബന്ധത്തെ പറ്റിയും കുറിപ്പിലുണ്ട്.

കുറിപ്പിൻ്റെ പൂർണ രൂപം

രണ്ടു മൂന്നു വർഷം മുൻപാണ് അവസാനമായി എം ടി യെ കണ്ടത്.
Damodar Radhakrishnan ന് വേണ്ടി, പൂർണ്ണ പബ്ലിക്കേഷൻസിലെ Dr K ശ്രീകുമാർ വഴി ആദ്യമായി സിതാരയിൽ ചെന്നു.
ദാമോദർ ,രണ്ടാമൂഴം വായിച്ചതിൻ്റെ റെക്കോർഡ് അതിസൂക്ഷ്മ ശ്രദ്ധയോടെ കേട്ടു. ഞങ്ങൾ എന്തൊക്കെയോ മിണ്ടി, ഫോട്ടോയെടുത്തു.
യാത്ര പറയുന്ന നേരം ,രണ്ടാമൂഴമെടുത്തു തന്നു. ഒപ്പിട്ടു.അത്ഭുതവും അവിശ്വസനീയതയും തോന്നി, വളരെ ചെറിയ ഒരു ജീവിയായ ഞാൻ വരുന്നുവെന്നറിഞ്ഞ് സ്വന്തം അക്ഷരക്കൂട്ടവുമായി കാത്തിരിക്കുന്ന ഒരു വളരെ വലിയ ആൾ…
കരുതലായിരുന്നു എം ടി യു ടെ കാതൽ.
കൈ പിടിച്ച് കേറ്റലായിരുന്നു പണി.
സൂക്ഷ്മമായ ഓർമ്മയുടെ കൂമ്പാരമായിരുന്നു.
തലമുടി ചായ്ച്ചും ചരിച്ചും കെട്ടുന്നതു പോലെ ഭാഷ വഴങ്ങും പ്രിയയ്ക്ക് എന്ന് കഥയെഴുത്തിനും മുമ്പേ എഴുതിയ ചപലമായ ഒരു കത്തിന് മറുപടിയായെഴുതിയത് ഇന്നും നെഞ്ചിലുണ്ട്.
പിന്നെ കാലം കടന്നു പോകെ, എവിടെ ‘പ്രിയ’ എന്നു കണ്ടാലും വായിയ്ക്കും എന്ന് ഏതോ അഭിമുഖത്താളിൽ കണ്ടതും ഉയിരിൽ കൊണ്ടു നടക്കുന്നുണ്ട് ഈ ചെറു ജീവി.
ഏറ്റവും ബഹുമാനം, കഥ എഴുതാൻ തോന്നാതിരുന്നപ്പോൾ കഥയെഴുത്തു നിർത്തി എന്നതിനോടാണ്. ‘കാഴ്ച’കൊണ്ട് കഥയ്ക്ക് പൂർണ്ണ വിരാമമിട്ടു. പക്ഷേ അതിപ്പോഴും ഇന്ന് പുതുതലമുറയിലെ ആരോ എഴുതിയതു പോലെ ,ഏറ്റവും പുതുമയോടെ ആ ക്രാഫ്റ്റിലേക്ക് വിസ്മയക്കണ്ണും നീട്ടി ഞാൻ വായിയ്ക്കുന്നു.
എം ടി വയ്യാതെ കിടക്കല്ലേ, വേഗം കടന്നു പോകണേ എന്നാണ് ഈ ദിവസങ്ങളിലൊക്കെ പ്രാർത്ഥിച്ചത്.
അമ്മയും അച്ഛനും വിതുമ്പുന്നു എംടി പോയതറിഞ്ഞ്.
അവരുടെയൊക്കെ അക്ഷരബന്ധുവായിരുന്നുവല്ലോ, അവരുടെയൊക്കെ ഉള്ളിലായിരുന്നല്ലോ താമസം.
സെവൻത് ഫോറത്തിൽ അമ്മ പഠിക്കുമ്പോൾ, സമ്മാനിതമായ ഏതോ ഒരു വാസുദേവൻ നായരുടെ വളർത്തുമൃഗങ്ങൾ ആഴ്ച്ചപ്പതിപ്പിൽ നിന്ന് കീറി സൂക്ഷിച്ച അമ്മ പിന്നൊരിക്കലും സർക്കസ് കാണാൻ തുനിഞ്ഞില്ല.
ആ ദീർഘവീക്ഷണക്കാരി എനിയ്ക്ക് തന്ന അക്ഷര ഗുരുവാണ് ഭൂമി കടന്നു പോകുന്നത്.
ഈ ഗോപുരനടയിൽ രണ്ടു മൂന്നക്ഷരങ്ങളായി നിൽക്കാനായതിന് കാലത്തിന് നന്ദി.
കാലത്തിൻ്റെ ഉർവ്വരതയിൽ ഈ പൂമരം മുളപ്പിച്ചതിന് നന്ദി എന്ന് അനുരാഗത്തിൻ്റെ ദിനങ്ങളിൽ എം ടി, ബഷീറിനെ കുറിച്ച് പറയുന്നുണ്ട്. അതു വായിക്കുമ്പോഴൊക്കെ എനിക്കു തോന്നും ഞാൻ എം ടി യെ കുറിച്ചു മനസ്സിലോർക്കുന്നതാണതെന്ന്…
‘അമ്മേങ്കുഞ്ഞുണ്ണീ’മിൽ പറയുന്നതു പോലെ ,മലയാളത്തിൽ MT എന്നു വച്ചാൽ ഫുൾ എന്നാണർത്ഥം.
ആ നിറവിൻ്റെ കാൽക്കൽ എൻ്റെയും യാത്രാ വന്ദനം.
പോയി ദൈവത്തോട് കഥ പറയുക ,E P സുഷമ അനുസ്മരണ വേളയിൽ തളിക്കുളത്ത് വച്ച് എം ടി അങ്ങനെ പറഞ്ഞിരുന്നു, കഥാകൃത്തുക്കളുടെ മരണം ദൈവത്തിന് കഥ കേൾക്കാൻ വേണ്ടിയാണെന്ന്…
അതു ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, നിറഞ്ഞ ഹൃദയത്തോടെ കണ്ണീരില്ലാതെ യാത്രയാക്കുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.