കൊയിലാണ്ടി: ദേശീയ പാത പ്രവൃത്തിയിൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള പാതയിലെ ജോലി വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും ഇതിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടാണെന്നും മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.എം.പിയുടെ നേതൃത്വത്തിൽ ദേശീയ പാത അഴിയൂർ മുതൽ വെങ്ങളം വരെയുള്ള പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ നടത്തിയ ജനകീയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ദേശീയപാത പ്രവൃത്തിയിൽ ഏറ്റവും കാലതാമസം വരുന്നതാണ് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗം. സംസ്ഥാന സർക്കാരിൻ്റെ ഭാഗമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്വന്തക്കാരുടെ വീടുകളിലേക്കുള്ള റോഡുകൾ നിർമിക്കുന്നതിലാണ് താൽപര്യം കാണിക്കുന്നത്. പൊതുമരാമത്ത് മന്ത്രിക്ക് സ്വന്തം ജില്ലയിലെ കാര്യങ്ങൾ നോക്കാൻ പോലും നേരമില്ല. സാധാരണക്കാരൻ്റെ വഴിയും റോഡുകളുമാണ് ദേശീയപാത പ്രവൃത്തിയുടെ പേരിൽ കൊട്ടിയടക്കപ്പെടുന്നത്.
പ്രധാനമന്ത്രിയുടെയുടെയും കേന്ദ്രത്തിൻ്റെയും സ്വന്തം ആളെന്നു പറയുന്ന രാജ്യസഭ എം.പി പി.ടി ഉഷ പോലും സ്വന്തം നാട്ടിലെ ജനങ്ങൾ നിലനിൽപിനു വേണ്ടി ചെയ്യുന്ന സമരം കണ്ടില്ലെന്നു നടിക്കുകയാണ്. ദേശീയപാതയിലെ സർവീസ് റോഡു പോലും ശരിയാം വണ്ണം ചെയ്യാൻ നിർമാണ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. പാത പൂർത്തിയായാൽ വലിയ ദുരന്തമായിരിക്കും ഈ മേഖലയിൽ സംഭവിക്കുക എന്നും ജില്ലയിലെ പൊതുമരാമത്ത് മന്ത്രിക്കും ഈ പാതയുടെ തൊട്ടരികെയുളള രാജ്യസഭ എം.പിക്കും തോന്നാത്ത സാമൂഹ്യ പ്രതിബദ്ധതയാണ് സി.എം.പി ഈ സത്യഗ്രഹത്തിലുടെ തെളിയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശീയ പാതയിലെ അശാസ്ത്രീയതയും നിർമാണത്തിലെ മെല്ലേപ്പോക്കും അതീവ ഗൗരവതരമാണെന്നും, ഡിസംബറിനകം പാത നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ വിജയകൃഷ്ണൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാത നിർമാണത്തിൻ്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുകയാണ്. അശാസ്ത്രീയമായ നിർമാണം ജനങ്ങൾക്ക് ഭീഷണിയാണെന്നും സാധാരണക്കാർക്കൊപ്പം സി.എം.പി എന്നുമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ബാലഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.കരുണൻ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാസ്റ്റർ, റഷീദ് പുളിയഞ്ചേരി, കൃഷ്ണകുമാർ ഫറൂക്ക്, കെ.സി ബാലകൃഷ്ണൻ ,സുധീഷ് കടന്നപ്പള്ളി, രാജേഷ് കീഴരിയൂർ, സുനിത ടീച്ചർ, കുര്യൻ, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ, ആന്റോ റിപ്പോർട്ടർ ടി.വി, മുരളീധരൻ മഠത്തിൽ, ഹമീദ് തിരുവമ്പാടി, ഉഷ ഫറൂക്ക്, പ്രജോഷ്, ബൈജു തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം യു.ഡി.എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. എൻ. കെ അബ്ദുറഹിമാൻ, ദുൽഫിക്കർ എന്നിവർ ആശംസകളർപ്പിച്ചു. വിനോദ്, ഫൗസിയ, ഉഷ ഫറൂക്ക്, അഷറഫ് കായക്കൻ , രാജരാജൻ തുങ്ങിയവർ സംബന്ധിച്ചു.
Add Comment