ചാലക്കുടി പോട്ട ബാങ്ക് കവർച്ചയില്‍ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചത്.
മറ്റന്നാള്‍ രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കണം. പ്രതിക്കായി 5 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പൊലീസ് നല്‍കിയത്.
പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് 15 ലക്ഷം രൂപ കവർന്ന സംഭവത്തില്‍ റിജോയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നിലവില്‍ വിയ്യൂർ ജയിലിലാണ് പ്രതി. കൂടുതല്‍ തെളിവ് ശേഖരണത്തിനും റിജോ മറ്റ് കുറ്റകൃത്യങ്ങള്‍ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
അതേസമയം ബാങ്കില്‍ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കില്‍ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉള്‍പ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ കവർച്ചാശ്രമത്തില്‍ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
Add Comment