തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം 9 ഓടെ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം 11 വരെ അതിശക്തമായ/ശക്തമായ മഴയ്ക്കും സാധ്യത.
Add Comment