Kerala

ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോടതി

കൊച്ചി: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാതെ കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ബാങ്ക് നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ മാസം 16 നായിരുന്നു ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനിടെ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധിപേര്‍ വോട്ടുചെയ്യാനാവാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ 11 പേരാണ് ഹര്‍ജി നല്‍കിയത്.

ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കാതെ കാഴ്ച്ചക്കാരായെന്നും സഹകരണ വകുപ്പ് ജീവനക്കാര്‍ അട്ടിമറിക്ക് കൂട്ടുനിന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment