ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. 2025 ല്‍ മണിപ്പൂരില്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ബിരേന്‍ സിംഗ് പറഞ്ഞു. കലാപത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു.
2024 മുഴുവന്‍ ദൗര്‍ഭാഗ്യകരമായ വര്‍ഷമായിരുന്നുവെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ മെയ് മൂന്ന് മുതല്‍ ഇതുവരെ സംഭവിച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. സംഭവിച്ചതെല്ലാം സംഭവിച്ചു. മുന്‍കാല തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണമെന്നും ബിരേന്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
2023 മെയ് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘര്‍ഷങ്ങളില്‍ 180ലധികം ജീവനുകളാണ് നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും കാണാമറയത്താണ്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗത്തിന് പട്ടികജാതി, പട്ടിക വര്‍ഗ പദവി നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവാണ് സംഘര്‍ഷത്തിന് കാരണമായത്.
Add Comment