തിരുവനന്തപുരം: നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സ് വയനാട്ടിലേക്ക് എത്തുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. കടുവയെ തിരയാൻ പത്ത് പേരടങ്ങുന്ന സംഘം പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഇവരുടെ കൂടെ ഷാർപ്പ് ഷൂട്ടേഴ്സിനെ കൂടി ഉൾപ്പെടുത്തും. അതിനുളള ക്രമീകരണങ്ങൾ ഡിജിപി ചെയ്തുകഴിഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഈ ടീം പ്രവർത്തിക്കുക എന്നും ശാരദ മുരളീധരൻ പറഞ്ഞു.
സിസിടിവി സ്ഥാപിച്ചതിലൂടെ കടുവയുടെ ചിത്രം എടുക്കാൻ സാധിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഒരു കടുവയെ വെടിവെയ്ക്കണമെന്നുണ്ടെങ്കിൽ അത് നരഭോജിയാണെന്നുളളത് സ്ഥാപിക്കപ്പെടണം. ആക്രമിച്ച കടുവയെ തിരിച്ചറിയുക കൂടി വേണം. പഞ്ചാരക്കൊല്ലിയിൽ ഒരാളെ കൊലപ്പെടുത്തുകയും വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കടുവ നരഭോജിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഓപ്പറേഷൻ വിജയമാക്കാൻ ആ പ്രദേശത്ത് ആളുകളൊന്നും ഉണ്ടാകാൻ പാടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ശബ്ദമുണ്ടായാൽ കടുവ മറ്റൊരു മേഖലയിലേക്ക് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ സഹകരണം അത്യാവശ്യമാണ്. ഫയർ ഫോഴ്സിന്റെ പിന്തുണയും തേടിയിട്ടുണ്ട്. 50 ലക്ഷം ഡിഡിഎംഎയ്ക്ക് വേണ്ടി അനുവദിച്ചിട്ടുണ്ട്. കടുവയെ പിടിച്ചിട്ടേ ഇനി ബാക്കി എന്ത് കാര്യവുമുളളൂവെന്നും ശാരദാ മുരളീധരൻ പറഞ്ഞു.
കടുവയുടെ സാന്നിധ്യമുളളതിനാൽ മാനന്തവാടിയിൽ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ. കർഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളിൽ സഞ്ചാര വിലക്കുമുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു.
പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിൽ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കടുവയെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കുകയായിരുന്നു.
Add Comment