ഇരിങ്ങാലക്കുട: മാപ്രാണത്ത് ക്രിസ്തുമസ് രാത്രി വീട് കുത്തിത്തുറന്ന് നാല് പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസ്സിൽ മാപ്രാണം സ്വദേശി കേലംപറമ്പിൽ ശക്തിയെയാണ് (20) റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ക്രിസ്തുമസ് രാത്രിയാണ് കേസ്സിനാസ്പദമായ സംഭവം. രാത്രി പത്തരയോടെ പാതിരാക്കുറുബാനയ്ക്ക് പോയ മഞ്ഞളി ലിജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന നാല് പവൻ തൂക്കമുള്ള സ്വർണ്ണ മാലയും കുരിശുമാണ് അപഹരിച്ചത്. പുലർച്ചെ മൂന്നരയോടെ ലിജിയും കുടുംബാംഗങ്ങളും തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച നിലയിൽ കാണുന്നത്.
വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവ ദിവസം രാത്രി കുറുമ്പാനയ്ക്ക് വന്നവരിൽ നിന്ന് വിവര ശേഖരം നടത്തിയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.
ഇരിങ്ങാലക്കുട എസ്.ഐ. ദിനേഷ് കുമാർ, സി.എം.ക്ലീറ്റസ്, കെ.ആർ.സുധാകരൻ, എ.എസ്.ഐ ലാൽജി, സീനിയർ സി.പിഒ മാരായ ഇ.എസ്.ജീവൻ എം.ആർ.രഞ്ജിത്ത്, രാഹുൽ അമ്പാടൻ, കെ.എസ്.ഉമേഷ്, എം.എ.ഹബീബ്, വിപിൻ വെള്ളാപറമ്പിൽ. ജോവിൻ ജോയ്,ഫ്രെഡി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മോഷണ ശേഷവും ഭാവഭേദമില്ലാനെ സുഹൃത്തുക്കളുമായി സംസാരിച്ചും ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തും നടന്ന പ്രതി പിറ്റേന്ന് സാധാരണ പോലെ ജോലിക്ക് പോയി. ബന്ധുവീടുകളും നന്ദർശിച്ചു. മോഷ്ടിച്ച സ്വർണ്ണം ചേർപ്പിൽ കൊണ്ടുപോയി വിറ്റ ശേഷം ആ കടയിൽ നിന്നുതന്നെ പുതിയ ഒരു സ്വർണ്ണമാല വാങ്ങുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ഒരു സ്കൂട്ടറും വാങ്ങി. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Add Comment