Money

ക്രിസ്മസ് ഷോപ്പിങ് ക്രെഡിറ്റ് കാർഡിലൂടെയോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഏവരും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായുള്ള ഷോപ്പിങ്ങുകളുടെ തിരക്കിലാണ്. വസ്ത്രങ്ങളും കേക്കുകളും സമ്മാനങ്ങളുമൊക്കെയായി വലിയൊരു ലിസ്റ്റ് തന്നെ തയ്യാറാക്കിയാകും എല്ലാവരും ഷോപ്പിങിനിറങ്ങുന്നത്. ഷോപ്പിങ്ങിന് പോകുമ്പോള്‍ സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മാസാവസാനം കൂടിയായതോടെ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവരും നമുക്ക് ചുറ്റുമുണ്ടാകും. അതുകൊണ്ട് പലരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചായിരിക്കും ഷോപ്പിങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടാകുക. പക്ഷേ ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അവസാനം നമുക്ക് തന്നെ അത് പണിയായി വരാനുള്ള സാധ്യതയുണ്ട്.

ഷോപ്പിങ്ങിന് വേണ്ടി ചെലവാക്കുന്ന തുക നേരത്തെ തന്നെ കണക്കാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്ര, പാര്‍ട്ടികള്‍, ഗിഫ്റ്റ് തുടങ്ങിയവയുടെ ലിസ്റ്റും തയ്യാറാക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ നേരത്തെ തന്നെ അടയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാതെ നില്‍ക്കുന്നത് നമുക്ക് തന്നെ ബാധ്യതയായി മാറും.

ഒരുപാട് പേര്‍ ചേര്‍ന്ന് നടത്തുന്ന പരിപാടികളില്‍ ചെലവായ പണം വിഭജിച്ചെടുക്കുന്നതും നല്ലതായിരിക്കും. ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തില്‍ താഴെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കൂടുതലായി ഉപയോഗിക്കുന്നത് ഒരുപക്ഷേ നമ്മുടെ സിബില്‍ സ്‌കോറിനെ ബാധിക്കും.

ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുമ്പോള്‍ ബില്ലുകള്‍ നോക്കാതെ ചെലവാക്കുന്നത് നമുക്ക് ബാധ്യതയാകാറുണ്ട്. അതില്ലാതാക്കാന്‍ ഉപയോഗിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ ഓര്‍മിച്ചു വെക്കുകയും അത് നമ്മുടെ പ്രതിമാസ ചെലവിന് കീഴിലാണെന്ന് ഉറപ്പ് വരുത്തുകയും വേണം. അതോടൊപ്പം ക്രെഡിറ്റ് കാര്‍ഡില്‍ ഓഫറുകളോ ഡിസ്‌കൗണ്ടുകളോ റിവാര്‍ഡുകളോ ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇവ ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഏറ്റവും ചുരുങ്ങിയത് ഇക്കാര്യങ്ങളെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ചെലവാക്കുമ്പോള്‍ ഓര്‍മിച്ചാല്‍ നമുക്ക് നല്ല രീതിയില്‍ ക്രെഡിറ്റ് ഉപയോഗിച്ച് തന്നെ ക്രിസ്മസ് ആഘോഷിക്കാവുന്നതാണ്.